15 October 2015

നഗരവാസി

നിന്റെ കണ്ണുകൾക്കിതെന്തു പറ്റി ....?
നിറയെ തിമിരത്തിന്റെ വലക്കണ്ണികൾ

അവൻ ചിരിച്ചു:
" തുറന്ന കണ്ണുമായി ജീവിക്കുന്നതിന്
നീ തരുന്ന ശമ്പളം,
നിന്റെ സുഖങ്ങൾക്കായി നീ ഉയർത്തുന്ന
ഹോമാഗ്നിയിലെ കറുത്ത തേളുകൾ

തീർന്നില്ല!
കൈകളിൽ ചലം പൊട്ടിയ
ഈ വ്രണങ്ങൾ - നീ -
എനിക്കായി നിന്റെ ജാലകപ്പടിയിൽ
വെച്ചു നീട്ടിയ പൂക്കുടങ്ങളിലെ
നുരയുന്ന വിഷ ദ്രാവകം
കോരി കുടിച്ചപ്പോൾ

കണ്ടില്ലേ
ഇലകൾക്കടിയിലെ നനുത്ത തണുപ്പ്
തിരഞ്ഞിട്ടു കാണാതെ എന്റെ
ചിറകുകൾ കരിഞ്ഞിരിക്കുന്നു,
തല കനത്തിരിക്കുന്നു
കുയിലിന്റെ പാട്ടും ചീവീടിന്റെ താളവും
കേൾക്കാത്ത ചെവികൾ
മരിച്ചിരിക്കുന്നു.

ഇവിടുത്തെ കുട്ടികൾക്കിതെന്ത് പറ്റി
ടാബിൽ നിന്ന് കണ്ണെടുക്കാത്ത,
ഞങ്ങളെ കല്ലെടുപ്പിക്കാത്ത
ബാല്യങ്ങൾ

വാലിൽ നൂല് കെട്ടി പറപ്പിക്കാത്ത
വേനലവധികൾ "

ജ്ഞാനപ്പകർച്ചയിൽ ഞാനൂറി ചിരിച്ചു എനിക്കെല്ലാം മനസ്സിലായി
തുമ്പീ -
അസുഖം നിന്റെ മനസ്സിനാണ്
ഈ നഗരം നിനക്കുള്ളതല്ല
കാതങ്ങൾ വടക്ക്
ന്റെ ഗ്രാമമുണ്ട്. നീ
അങ്ങോട്ട് പോവുക. അവിടെ
കുയിലിന്റെ പാട്ടും, തുമ്പക്കുടത്തിലെ
മധുവും, ചിങ്ങ നിലാവിന്റെ കുളിരുമുണ്ട്
അതാണ് നിന്റെ മരുന്ന്
ഈ നഗരം നിനക്കുള്ളതല്ല.

അവൻ വീണ്ടും ചിരിച്ചു

"സുഹൃത്തേ, നിന്റെ മനസ്സിലെ
തുമ്പപ്പൂക്കൾ
നാട്ടിലെന്നേ മരിച്ചിരിക്കുന്നു
നിന്റെ ഗ്രാമം
എന്നേ വളർന്നിരിക്കുന്നു"

No comments:

Post a Comment